---
title: "ഒറ്റ ടിൻ നിബന്ധനയ്ക്ക് വിട; ശബരിമലയിൽ അരവണ വിതരണ പ്രതിസന്ധിക്ക് പരിഹാരം; ഇനിമുതൽ രണ്ട് ടിൻ അരവണ ഉറപ്പ്"
english_title: "Sabarimala Aravana Restriction Eased Devotees To Get Two Tins Now"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383621/ sabarimala-aravana-restriction-eased-two-tins-for-devotees"
published_at: "2026-09-21T10:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0be19577ee_sabarimala-aravana-restriction-eased-two-tins-for-devotees.jpg"
keywords: ["Sabarimala", "Aravana", "Travancore Devaswom Board", "Sabarimala Prasadam"]
---

# ഒറ്റ ടിൻ നിബന്ധനയ്ക്ക് വിട; ശബരിമലയിൽ അരവണ വിതരണ പ്രതിസന്ധിക്ക് പരിഹാരം; ഇനിമുതൽ രണ്ട് ടിൻ അരവണ ഉറപ്പ്

> **Lead Summary:** **പത്തനംതിട്ട: **ശബരിമലയിൽ ഭക്തർക്ക് ആശ്വാസമായി അരവണ വിതരണത്തിലെ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി അധികൃതർ. നിലവിൽ ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ദർശനത്തിനെത്തിയ തീർത്ഥാടകർക്ക് ഒരൊറ്റ ടിൻ അരവണ മാത്രം നൽകിയ നടപടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

## Article Content

**പത്തനംതിട്ട: **ശബരിമലയിൽ ഭക്തർക്ക് ആശ്വാസമായി അരവണ വിതരണത്തിലെ നിയന്ത്രണത്തിൽ നേരിയ ഇളവ് വരുത്തി അധികൃതർ. നിലവിൽ ഒരു ഭക്തന് രണ്ട് ടിൻ അരവണ വീതം നൽകിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ദർശനത്തിനെത്തിയ തീർത്ഥാടകർക്ക് ഒരൊറ്റ ടിൻ അരവണ മാത്രം നൽകിയ നടപടിക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

അരവണ വിതരണത്തിൽ ഏർപ്പെടുത്തിയ ഈ നിയന്ത്രണത്തിനെതിരെ ഭക്തജനങ്ങളിൽ നിന്നും കടുത്ത എതിർപ്പാണ് ഉണ്ടായത്, സംഭവത്തിൽ ദേവസ്വം മന്ത്രിയും തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അരവണ നിർമ്മാണ പ്ലാന്റിൽ നവീകരണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്നതിനാലാണ് ഈ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വിശദീകരണം.

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നതോടെ ദിവസേന നാൽപതിനായിരത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മണ്ഡലകാല തീർത്ഥാടനത്തിന് ഇനി രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള ഭിന്നതകളും ചർച്ചയാകുന്നുണ്ട്.

കന്നിമാസ പൂജകൾക്കായി നടതുറന്ന ദിവസങ്ങളിൽ എത്തിയ ആയിരക്കണക്കിന് ഭക്തർക്ക് ഒരു ടിൻ അരവണ മാത്രം ലഭിച്ചതും, അപ്പത്തിന്റെയും അരവണയുടെയും ലഭ്യത കുറഞ്ഞതും വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടെ, ദേവസ്വം ബോർഡ് പ്രസിഡന്റുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും ലഭിച്ച മറുപടിയിൽ മന്ത്രി തൃപ്തനല്ലെന്നാണ് വിവരം.

അതേസമയം, വരാനിരിക്കുന്ന മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി ശബരിമലയിലെ മുഴുവൻ മരാമത്ത് പണികളും ഒക്ടോബർ 30-നകം പൂർത്തിയാക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary:

The restriction on Sabarimala Aravana prasadam has been slightly eased, with devotees now allowed two tins each instead of one. The earlier one-tin limit had triggered strong protests from devotees and dissatisfaction from the Devaswom Minister. The Travancore Devaswom Board had cited renovation work at the Aravana manufacturing plant for the restriction. Over 40,000 pilgrims have visited since the temple opened for Kanni month poojas. With two months left for Mandala season, differences between the Devaswom Minister and Board President have also surfaced.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383621/ sabarimala-aravana-restriction-eased-two-tins-for-devotees)